
കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ സിപിഎം നടപടി. പാർട്ടിയുടെ എല്ലാ ഘടകങ്ങളിൽനിന്നും നവനീതിനെ പുറത്താക്കിയതായി സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി അറിയിച്ചു. സംഭവത്തിൽ പാർട്ടിയുടെ ഭാഗത്തുനിന്നോ പാർട്ടിയുമായി ബന്ധപ്പെട്ട വ്യക്തികളിൽനിന്നോ നവനീതിന് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും ലോക്കൽ കമ്മിറ്റി വ്യക്തമാക്കി.
നവനീതിന്റെ നടപടി ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് സിപിഎം അറിയിച്ചു. ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം. യുവതി വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നതിനിടെ ശുചിമുറിയുടെ വിടവിലൂടെ മൊബൈൽ ഫോൺ കടത്തിവച്ച് നവനീത് ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി.
മൊബൈൽ ഫോണിന്റെ ഫ്ലാഷ് വെളിച്ചക്കുറവ് കാരണം സ്വമേധയാ തെളിഞ്ഞതോടെയാണ് യുവതി ഫോൺ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യുവതി ബഹളം വയ്ക്കുകയും വിവരം പുറത്തറിയിക്കുകയും ചെയ്തു. ഇതോടെ നവനീത് മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ നീക്കം ചെയ്തതായും സിപിഎം അറിയിച്ചു.
സംഭവത്തെ തുടർന്ന് ഓഗസ്റ്റ് 21ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ യുവതിയുടെ വീട്ടിലെത്തി. ഇതേ ദിവസം ബാലസംഘം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയും എസ്എഫ്ഐ ഏരിയാ കമ്മിറ്റിയും അടിയന്തര ഓൺലൈൻ യോഗം ചേർന്ന് നവനീതിനെ സംഘടനയിൽനിന്ന് പുറത്താക്കിയതായി ലോക്കൽ കമ്മിറ്റി വ്യക്തമാക്കി.
തുടർന്ന് ഓഗസ്റ്റ് 22ന് ബ്രാഞ്ച് യോഗം ചേർന്ന് നവനീതിനെ സിപിഎമ്മിൽനിന്നും പുറത്താക്കിയെന്നും അറിയിച്ചു. പാർട്ടി ഇയാളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന എതിരാളികളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി പ്രതികരിച്ചു.










